സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിദേശ സംരംഭകന്റെ യാത്ര സുഗമമാക്കുന്നതിനായി വിസ നടപടികൾ ലളിതമാക്കുന്നതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വിപുലപ്പെടുത്തി എന്നാണ് പുതിയ അപ്ഡേറ്റിൽ പറയുന്നത്. ഇനി എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം.
നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഓൺലൈൻ ബിസിനസ് വിസ സംവിധാനം നടപ്പാക്കുന്നത്. ഇതുവരെ പരിമിത എണ്ണം രാജ്യങ്ങൾക്ക് മാത്രമേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. അതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ എല്ലാ രാജ്യക്കാർക്കും ഓൺലൈനായി ബിസിനസ് വിസ നേടാനാകും. ഒരു വര്ഷം കാലാവധിയുള്ള വിസയിൽ പലതവണ സൗദിയിലേക്ക് വരാനും കഴിയും. കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകർക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം ആരംഭിച്ചത്.
ലളിതവും എളുപ്പവുമായ ഓൺലൈൻ നടപടിയിലൂടെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ പോർട്ടലിലാണ് ‘വിസിറ്റർ ഇൻവെസ്റ്റർ’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ഡിജിറ്റൽ എംബസിയിൽനിന്ന് ഉടൻ വിസ ഇഷ്യൂ ചെയ്യും. അപേക്ഷകന് ഇ-മെയിൽ വഴി വിസ ലഭിക്കുകയും ചെയ്യും. സൗദി അറേബ്യയെ ആകർഷകമായ മത്സരക്ഷമതയുള്ള ഒരു മുൻനിര നിക്ഷേപ ശക്തിയാക്കുക എന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണിത്. വിദേശ നിക്ഷേപകർക്കും വിദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ വിസ ഉപയോഗപ്പെടുത്താനാവുമെന്നും നിക്ഷേപക മന്ത്രാലയം പറഞ്ഞു.