ബെയ്‌ലി പാലം വന്ന വഴി !

1901 ൽ ജനിച്ച് 1985 മെയ് 5 ന്ന് അന്തരിച്ച ബ്രിട്ടീഷ് സിവിൽ എഞ്ചിനീയറായ സർ ഡൊനാൾഡ് കോൾമാൻ ബെയ് ലി ആണ് ഈ പാലം ഡിസൈൻ ചെയ്തത്. 1942ൽ രണ്ടാം ലോക മഹായുദ്ധസമയത്താണ് അദ്ദേഹം ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്‌ലി പാലം എന്ന പേര് നൽകിയതും. വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന ബെയിലി പാലം (Bailey Bridge) ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് പരമാവധി വളരെ വേഗത്തിൽ കൂട്ടിച്ചേർത്താണ് ഇത് നിർമ്മിക്കുന്നത്.

കേരളത്തിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് 1996 നവംബർ 8 ന് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി മുറിച്ചു കടന്നത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.

ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിൻ്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിൻ്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ നിരവധി ആവശ്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. താത്കാലികമായി നടപ്പാതകളും ചെറുവാഹനങ്ങൾക്കുള്ള പാലവും ഇവയുപയോഗിച്ച് നിർമ്മിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp