ദുബായ്: ഇന്ത്യയിലും യുഎഇ യിലുമായി വിവിധ മേഖലകളിൽ വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഐസിഎൽ ഗ്രൂപ്പ് ദുബായിൽ “ഐസിഎൽ മറൈൻ ടൂറിസം” എന്ന പുതിയ സംരംഭം ആരംഭിച്ചു. യുഎഇ ഭരണകുടുംബാംഗം ഹിസ് എക്സലൻസി ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ നുഐമിയും, ഐസിഎൽ ഗ്രൂപ്പിൻ്റെ സിഎംഡിയും ക്യൂബയുടെ ട്രേഡ് കമ്മീഷണർ ഓഫ് ഇന്ത്യയും, ലാറ്റിനമേരിക്കൻ – കരീബിയൻ രാജ്യങ്ങളുടെ ഗുഡ്വിൽ അംബാസഡറുമായ അഡ്വ.കെ.ജി അനിൽകുമാറും ചേർന്ന് സംരംഭം ഉദ്ഘാടനം ചെയ്തു. ഐസിഎൽ ഗ്രൂപ്പ് സിഇഒ ശ്രീമതി ഉമാ അനിൽകുമാർ, ഐസിഎൽ ഗ്രൂപ്പിൻ്റെ ഇൻ്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത്ത്.എ.മേനോൻ എന്നിവരുടെ സാന്നിധ്യത്തിലാണ്, ദുബായ് ദേര അൽ സീഫ് വാട്ടേഴ്സിൽ 2024 ജൂലൈ 20 ന് ചടങ്ങ് നടന്നത്.
“യുഎഇ യിലേക്കുള്ള ആഗോള വിനോദസഞ്ചാരികളുടെ എണ്ണം പ്രതിമാസം ശരാശരി 2 മില്യൺ കവിഞ്ഞതിനാലാണ്, ദുബായിലെ പ്രധാന ആകർഷണ ഇടങ്ങളിൽ യുഎഇ ഭരണാധികാരികളുടെ കാഴ്ചപ്പാടിന് അനുസൃതമായി ടൂറിസം സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഐസിഎൽ ഗ്രൂപ്പ് തീരുമാനിച്ചത്. ഒപ്പം വായു, കര, ജല ടൂറിസം മേഖലകളും കൂടുതൽ മെച്ചപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ഘാടന ചടങ്ങിൽ അഡ്വ. കെ ജി അനിൽകുമാർ അഭിപ്രായപ്പെട്ടു.
വിപുലീകരണത്തിന്റെ ഭാഗമായി ടൂറിസം രംഗത്ത് ഏറ്റവും വലിയ ഡെസർട്ട് സഫാരിയും മറൈൻ ടൂറിസത്തിൽ ഏറ്റവും വലിയ ബോട്ട് ക്രൂയിസ് എന്ന ഖ്യാതിയും ഐസിഎൽ ഗ്രൂപ്പിന് സ്വന്തമാവുകയാണ്. ഇന്ത്യയിലുടനീളം 400 ഓളം ശാഖകളുമായി ഐസിഎൽ ഫിൻ കോർപ്പും, ആയിരക്കണക്കിന് യുഎഇ നിവാസികൾക്ക് ബാങ്കിംഗ് ബ്രോക്കറേജ് സൊല്യൂഷൻ സേവനങ്ങളും, ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ ആസ്ഥാനമാക്കിയുള്ള ബാങ്കിംഗ് പദ്ധതികളും ദുബായ് ഗോൾഡ് സൂക്കിലും മീന ബസാർ ദുബായിലും സ്വർണ്ണ വ്യാപാര സൗകര്യങ്ങളും ഏർപ്പെടുത്തി, ഐസിഎൽ ഗ്രൂപ്പ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.