ആഗോള കാലാവസ്ഥാ സമ്മേളനം (കോപ് 28) : ദുബായ് എക്സ്‌പോ സിറ്റി പുതിയ രൂപത്തിലേക്ക്

COP 28

ആഗോള കാലാവസ്ഥാ സമ്മേളനത്തിന് (കോപ് 28) ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ദുബായ് എക്സ്‌പോ സിറ്റിയുടെ മുഖം മാറ്റുന്നു. കോപ് 28-ന് വേദിയാകാനുള്ള ഒരുക്കങ്ങൾ എക്സ്‌പോ സിറ്റിയിൽ പുരോഗമിക്കുകയാണ്. ഇതിനകം വിവിധ പവിലിയനുകളും വിനോദകേന്ദ്രങ്ങളും താത്കാലികമായി അടച്ചു. നവംബർ 18 മുതൽ 29 വരെ 6 പവിലിയനുകൾകൂടി താത്കാലികമായി അടച്ചിടുമെന്ന് എക്സ്‌പോ സിറ്റി അധികൃതർ അറിയിച്ചു.

സ്റ്റോറീസ് ഓഫ് നേഷൻ, ലത്തീഫാസ് അഡ്വെഞ്ചർ, ടെറ, അലിഫ്, വിഷൻ, വിമെൻസ് പവിലിയൻ എന്നിവയാണ് അടച്ചിടുക. ഗാർഡൻ ഇൻ ദ സ്‌കൈ, റാഷിദ്‌സ് പ്ലേഗ്രൗണ്ട് എന്നീ ആകർഷണങ്ങളും താത്കാലികമായി അടച്ചിടുമെന്നും അധികൃതർ നേരത്തേ അറിയിച്ചിരുന്നു.

നിലവിൽ ഈന്തപ്പനയോലകൾകൊണ്ടും നാരുകൾകൊണ്ടുമുള്ള വിവിധ പരമ്പരാഗത ആകർഷണങ്ങൾ കോപ് 28-ന് ആതിഥേയത്വം വഹിക്കാൻ ഇവിടെ ഒരുക്കിക്കഴിഞ്ഞു. എക്സ്‌പോ സിറ്റിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന് എക്സ്പോ സിറ്റി ടെക്നോളജിയിലെ സ്പെഷ്യൽ പ്രോജക്ട് ഡയറക്ടർ ഹെൻഡ് അൽ മെയ്റി പറഞ്ഞു. നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് ദുബായ് എക്സ്‌പോ സിറ്റിയിൽ കോപ് 28 നടക്കുക. വിമാനത്താവളങ്ങളിൽ ഒരുക്കുന്ന അതേ സുരക്ഷയാണ് കോപ് സമ്മേളന നഗരിയിൽ ഒരുക്കുക. കോപ് 28 ബ്ലൂ സോണും ഗ്രീൻ സോണും ഉണ്ടായിരിക്കും. ബ്ലൂ സോൺ നിയന്ത്രിക്കുന്നത് യു.എൻ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (യു.എൻ.എഫ്.സി.സി.സി.) ആണ്. ഇതിലൂടെ രാഷ്ട്രത്തലവൻമാർ, മാധ്യങ്ങൾ എന്നിവർക്കായിരിക്കും പ്രവേശനം. ദുബായ് എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ കോപ് 28-ന്റെ പ്രധാന വേദിയാകും. റോവ് ഹോട്ടൽ, എക്സ്‌പോയുടെ മൊബിലിറ്റി, ഒാപ്പർച്യുനിറ്റി എന്നീ മേഖലകൾ ബ്ലൂ സോണിലാണ്.

പൊതുജനങ്ങൾക്കായി ഗ്രീൻ സോൺ തുറന്നിരിക്കും. കോപ് 28 യു.എ.ഇ. പ്രസിഡൻസിയാണ് ഇത് നിയന്ത്രിക്കുന്നത്. എക്‌സ്‌പോ 2020-യിൽ ഉണ്ടായിരുന്നതിന് സമാനമായി പൊതുജനങ്ങൾക്ക് സസ്റ്റൈനിബിലിറ്റി, മൊബിലിറ്റി, ഓപ്പർച്യുനിറ്റി എന്നീ ഭാഗങ്ങളിലെ മൂന്ന് ഗേറ്റുകളിലൂടെ പ്രവേശനം അനുവദിക്കും. കൂടാതെ സന്ദർശകർക്കെല്ലാം നിർബന്ധിത സുരക്ഷാ പരിശോധനയും സ്‌ക്രീനിങ്ങും ഉണ്ടായിരിക്കും. അൽ വാസൽ പ്ലാസ, സർറിയൽ, എക്സ്‌പോ 2020-ക്ക് വേണ്ടി നിർമിച്ച കൃത്രിമ ജലധാര, ഫാൽക്കൺ ആകൃതിയിലുള്ള യു.എ.ഇ. പവിലിയൻ എന്നിവയെല്ലാം ഗ്രീൻ സോണിൽ ഉൾപ്പെടും.

140-ലേറെ രാഷ്ട്രത്തലവന്മാരും 80,000-ത്തിലേറെ പ്രതിനിധികളും 5,000-ത്തിലേറെ മാധ്യമപ്രവർത്തകരും കോപ് 28 സമ്മേളന വേദിയിൽ ഒന്നിക്കും. യു.എ.ഇ. മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ മേഖല പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന ഉന്നതാധികാര സമിതിയാണ് പരിപാടിക്ക് മേൽനോട്ടം വഹിക്കുന്നത്. എക്സ്‌പോ സിറ്റിയിൽ നിലവിൽ സന്ദർശകർക്ക് പ്രവേശനമുണ്ടെങ്കിലും നവംബറോടെ മുഴുവൻ ആകർഷണങ്ങളും താത്കാലികമായി അടച്ചിടും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp