ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ദുബൈയിലെ മൂന്ന് പ്രധാന ഹൈവേകളുടെ ശേഷി ഇരട്ടിയാക്കുന്ന ഹെസ്സ നഗരവികസന പദ്ധതിക്ക് നിർമാണകരാർ നൽകി. നാലു നഗരങ്ങളുടെ മുഖച്ഛായ മാറുന്ന വമ്പൻ വികസനപദ്ധതിയുടെ നിർമാണച്ചെലവ് 68.9 കോടി ദിർഹമാണ്. ഈ പദ്ധതിയിലൂടെ ഹെസ്സ നഗരത്തിന്റെ രണ്ട് ദിശയിൽ നിന്നുമുള്ള രണ്ടു വരി റോഡുകൾ വികസിപ്പിച്ച് നാലു വരിയാക്കും.
ഇരു ദിശയിലേക്കും മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാം. കൂടാതെ 13.5 കിലോമീറ്റർ നീളത്തിൽ സൈക്കിൾ, കാൽനട ട്രാക്കുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. 4.5 മീറ്ററാണ് ട്രാക്കിന്റെ ആകെ വീതി. ഇതിൽ രണ്ട് മീറ്റർ വീതിയിലുള്ള ട്രാക്ക് കാൽനടക്കാർക്ക് മാത്രമാണ്. 2.5 മീറ്റർ വീതിയിൽ നിർമിക്കുന്ന ട്രാക്ക് സൈക്കിൾ, സ്കൂട്ടർ യാത്രക്കും ഉപയോഗിക്കാം.
ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നീ മൂന്നു പ്രധാന റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഹെസ്സ നഗരം. കൂടാതെ ദുബൈ സ്പോർട്സ് സിറ്റി, അൽ സുഫൂഹ്, ജെ.വി.സി, അൽ ബർഷ തുടങ്ങിയ റസിഡൻഷ്യൽ ഏരിയകളെയും ഇത് ബന്ധിപ്പിക്കുന്നുണ്ട്. ശൈഖ് സായിദ് ജങ്ഷൻ മുതൽ അൽ ഖൈൽ റോഡുവരെ നാലു കിലോമീറ്റർ നീളുന്ന വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇത് പൂർത്തിയാവുന്നതോടെ അൽ സുഫൂഹ് 2, അൽ ബർഷ റെസിഡൻഷ്യൽ ഏരിയ, ജുമൈറ വില്ലേജ് സർക്കിൾ എന്നിങ്ങനെ നിരവധി റെസിഡൻഷ്യൽ മേഖലകളുടെ വികസനത്തിന് ഏറെ പ്രയോജനകരമാവുമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ദുബൈ റോഡ് ശൃംഖലയുടെ വികസനത്തിൽ പദ്ധതി നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2030ഓടെ ഈ പ്രദേശങ്ങളിലെ 6,40,000ത്തിലധികം നിവാസികൾക്ക് പദ്ധതി പ്രയോജനപ്പെടും. നാലു ജങ്ഷനുകളുടെ വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശൈഖ് സായിദ് റോഡിനോട് ചേർന്നുള്ള ഹെസ്സ നഗരത്തിലെ ജങ്ഷൻ വികസനമാണ് ആദ്യത്തേത്.