ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും ഈ രംഗത്ത് ലോകതലത്തില്‍ നേതൃത്വം നല്‍കുന്നവരും സമ്മേളിക്കുന്ന അന്താരാഷ്ട്ര ഫോറന്‍സിക് സയന്‍സ് സമ്മേളനത്തിന് ആദ്യമായി റാസല്‍ഖൈമ വേദിയാകുന്നു.
ലോക ഫോറന്‍സിക് സയന്‍സ് ഉച്ചകോടി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 01 വരെ മൂന്ന് ദിവസങ്ങളിലായാണ് നടക്കുകയെന്ന് റാക് പൊലീസ് മേധാവിയും കോണ്‍ഫറന്‍സ് ജനറല്‍ സൂപ്പര്‍വൈസറും വേള്‍ഡ് ഫോറന്‍സിക് സയന്‍സ് കോണ്‍ഫറന്‍സ് രക്ഷാധികാരിയുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു.
ഫോറന്‍സിക് വിദഗ്ധര്‍, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, ഡോക്ടര്‍മാര്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, കുറ്റകൃത്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ തുടങ്ങി എല്ലാവരും റാസല്‍ഖൈമയുടെ പ്രഥമ ലോക ഫോറന്‍സിക് സയന്‍സ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അലി അബ്ദുല്ല ആവശ്യപ്പെട്ടു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ കാഴ്ച്ചപ്പാടുകള്‍ നിറവേറ്റുന്നതിനുള്ള റാക് പൊലീസിന്റെ പരിശ്രമങ്ങളുടെകൂടി ഭാഗമാണ് ഫോറന്‍സിക് സയന്‍സ് ഉച്ചകോടി.
സുരക്ഷിതത്വവും സുരക്ഷയും കൈവരിക്കുന്നതില്‍ ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നാവുന്നതിനൊപ്പം ജീവിതനിലവാരം ഉയര്‍ത്തുന്നതിനും യു.എ.ഇ സമൂഹം പ്രതിജ്ഞാബദ്ധമാണ്. ഇമാറാത്തി സംസ്കാരവും രാജ്യത്തിന്റെ സര്‍വമേഖലകളിലെയും വളര്‍ച്ചയും അടുത്തറിയാന്‍കൂടി സഹായിക്കുന്നതാകും ഫോറന്‍സിക് സയന്‍സ് സമ്മേളനമെന്നും അലി അബ്ദുല്ല തുടര്‍ന്നു.