ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് കമ്പനി സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെയാണ് 4000 തൊഴിലവസരങ്ങളും 117 ബില്യൺ ഡോളറിന്റെ കയറ്റുമതിയും രാജ്യത്തുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇലക്ട്രിക് കാറുകളിലേക്കുള്ള ആഗോളതലത്തിലെ മാറ്റം ഇപ്പോൾ ഒരു ആഡംബരമോ ഫാഷനോ അല്ല. ഇലക്ട്രിക് കാറുകളുടെ വിൽപന കുതിച്ചുയരുന്നത് അന്തരീക്ഷ മലിനീകരണത്തിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള മനുഷ്യരാശിയുടെ സമർപ്പണ മനോഭാവത്തിൻറ തെളിവുമാണ്. ഇങ്ങനെയൊരു ഫാക്ടറി രാജ്യത്ത് ആരംഭിക്കാൻ കഴിഞ്ഞത് സൗദി അറേബ്യയുടെ ചരിത്രനേട്ടമാണ്.
ആദ്യഘട്ടത്തിൽ പ്രതിവർഷം 5,000 കാറുകളാണ് നിർമിക്കുന്നത്. തുടർഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഉൽപാദന ശേഷി പ്രതിവർഷം 1,55,000 കാറുകളായി ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സൗദി വിപണിയിൽ അവതരിപ്പിക്കുന്നതിനും മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമായി വലിയ തോതിൽ ഇലക്ട്രിക് കാറുകൾ നിർമിക്കുമെന്ന് ലൂസിഡ് ഗ്രൂപ് അധികൃതർ പറഞ്ഞു. 2030ഓടെ സൗദിയിലെ 30 ശതമാനം കാറുകളെങ്കിലും ഇലക്ട്രിക് ആകാനുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റിവിൻറ ലക്ഷ്യം കൈവരിക്കുന്നതിന് ലൂസിഡ് വലിയ പങ്കുവഹിക്കുമെന്നും ലൂസിഡ് ഗ്രൂപ് സൂചിപ്പിച്ചു