എല്ലാ വർഷവും മെയ് 18 ന് ആചരിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2023 മെയ് 19 ന് ദുബൈ എക്സ്പോ സിറ്റിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം സൗജന്യമാക്കി. അലിഫ്, ടെറ, സുസ്ഥിരത, വുമൺ ആൻഡ് വിഷൻ എന്നീ പവിലിയനുകളിലും മറ്റ് മൂന്ന് സ്റ്റോറീസ് ഓഫ് നാഷൻസ് പവലിയനുകളിലുമായിരിക്കും സൗജന്യ പ്രവേശനം.
സുസ്ഥിര വികസനത്തെ സ്വാധീനിക്കുന്നതിൽ മ്യൂസിയങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ഇടങ്ങൾ എല്ലാവർക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കുന്നതിനും സന്ദർശകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്.
മ്യൂസിയം, സുസ്ഥിരത, ക്ഷേമം എന്ന ഈവർഷത്തെ ആശയം മുൻനിർത്തി തയാറാക്കിയ വിദ്യാഭ്യാസ പരിപാടികളും ലോകത്തെ പ്രധാന ഏഴ് ട്രഷർ ഹണ്ട് ഇടങ്ങളെ കുറിച്ച് വിശദമാക്കുന്ന പരിപാടികളും ഉൾപ്പെടുന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ആഘോഷം.
ടെറയിൽ വിനോദകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും കാലാവസ്ഥ കേന്ദ്രീകരിച്ചുള്ള ഫിലിം സ്ക്രീനുകളും പ്രദർശിപ്പിക്കും. അലിഫ് പവിലിയനിലെ ലെഗോ വർക് ഷോപ്പിൽ മോട്ടോറുകൾ, സെൻസറുകൾ, എൻജിനീയറിങ് തത്ത്വങ്ങൾ എന്നിവയെ കുറിച്ച് റോബോട്ടുകളുടെ സഹായത്തോടെ മനസ്സിലാക്കാൻ അവസരമൊരുക്കും. വുമൻസ് ആൻഡ് വിഷൻ പവിലിയനുകളിൽ കരകൗശല വസ്തുക്കളും മറ്റും ലഭ്യമാകും.