സലാല: സലാലയിലെ പ്രശസ്തമായ ഖരീഫ് ഫെസ്റ്റിവല്‍ അഥവാ ശരത്കാല ആഘോഷം ദോഫാറില്‍ ജൂൺ 20-ന് ആരംഭിക്കും. ഇത്തവണ ഖരീഫ് ഫെസ്റ്റിവല്‍ 90 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷങ്ങളില്‍ 45 ദിവസമായിരുന്നു ആഘോഷം.ദോഫാര്‍ ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍പോലുള്ള പരിപാടികളും ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ഖരീഫ് സീസണിലും ഇവിടെ എത്താറുള്ളത്. അറബ് ലോകത്തെ ഏറ്റവും വലുതും ആഗോളതലത്തിൽ അഞ്ചാമത്തേതുമായി വിശേഷിപ്പിക്കുന്ന ഈ ഫെസ്റ്റിവലിൽ 10 ദിവസ കാലയളവിൽ ആറ് ഷോകൾ അവതരിപ്പിക്കും. ഫെസ്റ്റിവലിന്‍റെ മുൻ പതിപ്പുകളെപോലെ ഈ വർഷവും റെക്കോർഡ് സന്ദർശകരെയും വിനോദസഞ്ചാരികളെയും ആണ് പൈതൃക−ടൂറിസം മന്ത്രാലയം ഈ വർഷവും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞവർഷം ഏകദേശം 9,62,000 ആളുകളാണ് ദോഫാറിന്‍റെ പച്ചപ്പും തണുത്ത കാലവസ്ഥയും ആസ്വദിക്കാനായെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 18.4 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2022ൽ 8,13,000 സന്ദർശകരായിരുന്നു എത്തിയിരുന്നത്. ടൂറിസ്റ്റുകൾ ചിലവഴിക്കുന്നതിലും ഉയർച്ചയാണുണ്ടായിട്ടുള്ളത്. 2022 സീസണിൽ 86 ദശലക്ഷം റിയാൽ ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 103 ദശലക്ഷം റിയാലിലാണ് എത്തിയിരിക്കുന്നത്. 2019ൽ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7,50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയിരുന്നത്. വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. ഖരീഫ് സീസൺ മുന്നിൽ കണ്ട് നിരവധി വിമാന കമ്പനികളും സലാലയിലേക്ക് സർവിസ് നടത്തുമെന്നറിയിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലാവസ്ഥയോട് ഇണങ്ങിനില്‍ക്കുന്ന സലാലയില്‍ മണ്‍സൂണ്‍ ആസ്വദിക്കാനായി വിദേശ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്നത് ജൂണ്‍ അവസാനം മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ‘ഖരീഫ് സീസണ്‍’ എന്നാണ് സുന്ദരമായ ഈ കാലത്തെ വിശേഷിപ്പിക്കുന്നത്. ‘മഴമേളകള്‍’ അടക്കം തനിമയാര്‍ന്ന ആഘോഷങ്ങള്‍ക്കും ഈ സീസണ്‍ സാക്ഷ്യം വഹിക്കുന്നു.
ഒമാനിലെ രണ്ടാമത്തെ വലിയ നഗരമാണ് പരമ്പരാഗതസംസ്‌കാരമുള്ള സലാല എന്ന പച്ചപ്പാര്‍ന്ന പ്രദേശം. സൗദി അറേബ്യ, യു.എ.ഇ., യെമെന്‍ എന്നീ രാജ്യങ്ങളെ തൊട്ടുനില്‍ക്കുന്ന അറബിക്കടലിന്റെ സ്പര്‍ശമേറ്റ പ്രദേശം. സിന്ധ്, സാന്‍സിബാര്‍, ബലൂചിസ്താന്‍, ഇറാന്‍, യെമെന്‍ എന്നിവയുമായി തൊട്ടുനില്‍ക്കുന്ന ഇന്ത്യന്‍മഹാസമുദ്രം സംഗമിക്കുന്ന ഒമാന്റെ പ്രധാനയിടം. ഭൂതകാലത്തിന്റെ മഹാപൈതൃകം രേഖപ്പെടുത്തിയ നാട്. സസ്സാനിയന്‍ പേര്‍ഷ്യന്‍ ഭരണവും പിന്നീട് അബാസികളും അറേബ്യന്‍ ഭരണത്തിനുമുമ്പ് ഒമാന്‍ ഭരിച്ചിരുന്നു. മസ്‌കറ്റില്‍നിന്ന് 1000 കിലോമീറ്റര്‍ ദൂരെയാണ് സലാല എന്ന കൊച്ചുകേരളം. യു.എ.ഇ.യില്‍നിന്നാണെങ്കില്‍ 1500 കിലോമീറ്റര്‍ ദൂരം. വിമാനത്തില്‍ ഒന്നരമണിക്കൂര്‍ സമയമാണെങ്കില്‍ റോഡ് മാര്‍ഗം 12 മുതല്‍ 18 മണിക്കൂര്‍വരെ വേണ്ടിവരും. പ്രകൃതിസൗന്ദര്യം കനിഞ്ഞ സലാല ഒരു കൊച്ചു സ്വിറ്റ്സര്‍ലന്‍ഡ് എന്നും പറയാറുണ്ട്. മഞ്ഞും മഴയും ഇളവെയിലും കുന്നും പുഴയും കാടും മരങ്ങളുമെല്ലാം ഇവിടെയുണ്ട്. മാവും പ്ലാവും തെങ്ങും കവുങ്ങും പച്ചക്കറികളുമെല്ലാം സുലഭം. ഈന്തപ്പനപോലെ തെങ്ങുകളുമുണ്ട്. ഈ മനോഹരമായ പ്രകൃതിയുടെ മടിത്തട്ടിലാണ് അറബ് ലോകത്തെ ഏറ്റവും വലുതും ആഗോളതലത്തിൽ അഞ്ചാമത്തേതുമായ ഖരീഫ് ഫെസ്റ്റിവൽ ജൂൺ 20 നു അരങ്ങേറുന്നത്.