യുഎഇയിലേക്ക് സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ ഉള്ള മരുന്നുകളുമായാണ് വരുന്നതെങ്കില്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വാങ്ങല്‍, വില്‍പ്പന, കൈവശം വയ്ക്കല്‍, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശന നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമായതുകൊണ്ട് ഇവിടേക്ക് യാത്ര ചെയ്യുന്നവര്‍ ആ നിയമം ലംഘിക്കുന്ന രീതിയില്‍ മരുന്നുകള്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.
നിയന്ത്രിത മരുന്നുകള്‍ ക്ലാസ് എ, ക്ലാസ് ബി എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. മോര്‍ഫിന്‍, കോഡിന്‍, ഫെന്റനൈല്‍ തുടങ്ങിയ വേദനസംഹാരികള്‍ ഉള്‍പ്പെടെയുള്ള നാര്‍ക്കോട്ടിക് മരുന്നുകള്‍, മാനസിക രോഗങ്ങള്‍ക്കുള്ള സൈക്കോട്രോപിക് മരുന്നുകള്‍, ആന്റീഡിപ്രസന്റ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍, മീഥൈല്‍ഫെനിഡേറ്റ്, ആംഫെറ്റാമൈന്‍സ് തുടങ്ങിയ ഉത്തേജക മരുന്നുകള്‍, ആളുകളെ മയക്കിക്കിടത്തുന്നതിന് ഉപയോഗിക്കുന്ന സെഡേറ്റീവുകള്‍, ട്രാന്‍ക്വിലൈസറുകള്‍ തുടങ്ങിയ വരുന്നുകള്‍ ക്ലാസ് എ വിഭാഗത്തില്‍ പെടുന്നവയാണ്.
ഇത്തരം മരുന്നുമായി യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യുഎഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയുള്ള മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഇതിന് ഡോക്ടറുടെ കുറിപ്പും കത്തും ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമാണ്. യുഎഇയില്‍ താമസിക്കുന്ന സമയത്ത് വ്യക്തിഗത ഉപയോഗത്തിന് മതിയായ അളവില്‍ മാത്രമേ അവ അനുവദിക്കൂ എന്നും വ്യവസ്ഥയുണ്ട്.
ഇതിനു പുറമെ യാത്രക്കാരന്റെ കൈവശം ഇനി പറയുന്ന രേഖകള്‍ (അറബിയിലോ ഇംഗ്ലീഷിലോ) ഉണ്ടായിരിക്കുകയും നിബന്ധനകള്‍ പാലിക്കുകയും വേണം.
01. ഡോക്ടറുടെ കുറിപ്പടി ഒറിജിനല്‍. അല്ലെങ്കിൽ കുറിപ്പടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
02. പുറപ്പെടുന്ന രാജ്യത്തിന്റെ ആരോഗ്യ അതോറിറ്റിയില്‍ നിന്നുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ്.
03. ഏതെങ്കിലും യാത്രക്കാര്‍ കൊണ്ടുപോകുന്ന മരുന്നുകളുടെ അളവ് 30 ദിവസത്തില്‍ കവിയാന്‍ പാടില്ല.
04. യു.എ.ഇ.യില്‍ താമസിക്കുമ്പോള്‍ ഈ പറഞ്ഞ രേഖകള്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരിക്കുകയും ആവശ്യപ്പെട്ടാല്‍ ഹാജരാക്കുകയും വേണം.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകളും നിരോധിക്കപ്പെട്ട മരുന്നുകളും കൊണ്ടുവരുന്നതിന് നിരോധനമുണ്ട്.