കോഡിങ് പരിശീലനം സൗജന്യമായി നേടാൻ ഒരു നല്ല അവസരം. പുതുതലമുറയിൽ സോഫ്റ്റ് വെയർ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിനായി അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന 42 അബുദാബി എന്ന കോഡിംഗ് പരിശീലന സ്ഥാപനത്തിന്റെ പുതിയ ബാച്ചിലേക്ക് UAE ക്ക് പുറത്തുനിന്നും അപേക്ഷിക്കാന്‍ അവസരമുണ്ട്. ഈ കാര്യം അറിയാത്തവരിലേക്ക് എത്തിക്കാൻ എല്ലാവരും പരമാവധി ശ്രദ്ധിക്കണേ. ഏതെങ്കിലും ഒരു വിദ്യാർഥിക്ക് തീർച്ചയായും ഇത് പ്രയോജനപ്പെട്ടേക്കാം. പുതിയ ഡിജിറ്റല്‍ കാലഘട്ടത്തിന് ആവശ്യമായ കോഡിംഗ് വൈദഗ്ധ്യം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് നോളജിന്റെ നേതൃത്വത്തില്‍ 2020ല്‍ ആരംഭിച്ച സ്കൂളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
മെയ് മാസത്തില്‍ ആരംഭിക്കുന്ന ബാച്ചിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവര് 42 അബുദാബിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.42AbuDhabi.ae സന്ദര്‍ശിച്ച് ആദ്യഘട്ടമായ പ്രീ-സെലക്ഷന് ‘ഗെയിം’ പൂര്‍ത്തിയാക്കണം. ലോജിക്, മെമ്മറി ടെസ്റ്റുകള്‍ വഴി അപേക്ഷാര്‍ഥിയുടെ വൈജ്ഞാനിക ശേഷി വിലയിരുത്തുന്ന ഒരു ഓണ്‍ലൈന്‍ പരിശോധനയാണ് ഈ ഗെയിമിലൂടെ ലക്ഷ്യമിടുന്നത്. ഈ ആദ്യ കടമ്പ കടക്കുന്നവര്‍ക്ക് കോഡിംഗ് സ്കൂളിനെ കുറിച്ചും അവിടത്തെ പഠന രീതികളെ കുറിച്ചും വിശദീകരിക്കാന്‍ ഒരു സഹായിയുമായി പ്രത്യേക ഓണ്‍ലൈന്‍ അഭിമുഖത്തിന് അവസരം നല്‍കും. തുടര്‍ന്ന് താല്പര്യമുള്ളവര്ക്ക് 25 ദിവസം നീണ്ടുനില്‍ക്കുന്ന ബൂട്ട് ക്യാമ്പില്‍ ചേരാം. ഉദ്യോഗാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് കഴിവുകള്‍, അതിലുള്ള താല്പര്യം, സ്ഥിരോത്സാഹം, അതിനോടുള്ള ആസക്തി എന്നിവ പരിശോധിക്കുന്ന തീവ്രപരിശീലന പരിപാടിയായ ബൂട്ട് ക്യാംപില്‍ നിശ്ചിത സ്കോര്‍ നേടുന്നവര്‍ക്കാണ് സ്കൂളില്‍ പ്രവേശനം.
ഔപചാരിക രീതിയിലുള്ള ക്ലാസ്സ് മുറികളോ അധ്യാപകരോ ഇല്ലാത്ത അത്യാധുനിക സ്കൂളാണ് 42 അബൂദാബി കോഡിംഗ് സ്കൂള്‍. ഇവിടത്തെ പഠനം സൗജന്യമാണെന്നതാണ് മറ്റൊരു സവിശേഷത. 2020 ഒക്ടോബറില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇതിനകം 213 സ്വദേശി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 758 വിദ്യാര്‍ത്ഥികളാണ് കോഡിംഗ് പഠനം നടത്തിയത്. കോഴ്സിന് പ്രത്യേക സമയ കാലാവധി നിശ്ചയിച്ചിട്ടില്ല. ഓരോരുത്തര്‍ക്കും ആവശ്യമായ സമയം എടുത്ത് കോഴ്സ് പൂര്‍ത്തീകരിക്കാം. ഗ്രൂപ്പ് സ്റ്റഡിയിലൂടെയും മറ്റുള്ളവരുടെ വര്‍ക്കുകള്‍ വിലയിരുത്തിയും ചര്‍ച്ചകളിലൂടെയും കോഡിംഗ് പഠിക്കുന്ന രീതിയിലാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. ഈ മേഖലയിൽ കഴിവ് ഉള്ള വിദ്യാർഥികളിലേക്ക് ഈ വിവരം ഇത്രയും വേഗം അറിയിച്ച് അവരുടെ ഭാവി സുരക്ഷിതമാക്കാൻ നമുക്ക് ശ്രമിക്കാം.