കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങളിൽ പഞ്ചസാര ചേർത്താൽ എന്താണ് കുഴപ്പം? പലപ്പോഴും ആവർത്തിക്കാറുള്ള, നാളുകളായി കേൾക്കുന്ന ചോദ്യമാണിത്. ആഗോളതലത്തിൽ അന്താരാഷ്ട്ര ബ്രാന്ഡുകള്ക്ക് സംഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ ഇതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നുവെന്ന റിപ്പോർട്ട് ഇപ്പോൾ നെസ്‍ലെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇതുമൂലം നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ അഞ്ചു ശതമാനം ഇടിഞ്ഞ് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഇന്ത്യയിൽ ബേബി ഫുഡിൽ നെസ്‍ലെ പഞ്ചസാര ചേർക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഓഹരി വിലയിൽ പ്രതിഫലിച്ചത്. യൂറോപ്പിലും യുകെയിലും വിൽക്കുന്ന ബേബി ഫുഡ് ഉൽപന്നങ്ങളിൽ പക്ഷേ പഞ്ചസാര ചേർക്കുന്നില്ല എന്നാണ് മറ്റൊരു വെളിപ്പെടുത്തൽ. ഈ റിപ്പോർട്ടുകളെ തുടർന്ന് ആരോഗ്യ മന്ത്രാലയവും വിഷയത്തിൽ ആശങ്ക അറിയിച്ചിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഫോർമുല മിൽക്കിൽ ഉൾപ്പെടെ നെസ്‌ലെ പഞ്ചസാര ചേർക്കുന്നുണ്ടെന്ന് സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്പ് അല്ലെങ്കിൽ യുകെ പോലുള്ള സമ്പന്ന രാജ്യങ്ങളിലെ വിപണികളിൽ പഞ്ചസാര ചേർക്കാത്ത ഉൽപ്പന്നങ്ങളാണ് വിൽക്കുന്നതെന്നാണ് കണ്ടെത്തൽ. ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും ഏഷ്യൻ രാജ്യങ്ങളിലും, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വിൽക്കുന്ന കമ്പനിയുടെ ബേബി ഫുഡ് ഇനങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. പരിശോധന ഫലം പുറത്ത് വന്നതാണ് ഈ ഞെട്ടിക്കുന്ന വാർത്തക്ക് പിന്നിൽ. വികസിത രാജ്യങ്ങളിൽ പഞ്ചസാര ചേർക്കാതെ കുഞ്ഞുങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന കമ്പനി വികസ്വര രാജ്യങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും വേറിട്ട നയം സ്വീകരിക്കുന്നത് തികച്ചും ആശങ്കാജനകമാണ്.
മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന സിറിലാക് പാക്കുകളിലും പഞ്ചസാര അടങ്ങിയിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇന്ത്യയിൽ ഒരു പാക്കറ്റിൽ ശരാശരി മൂന്ന് ഗ്രാം വരെയാണ് പഞ്ചസാര. അതേസമയം, ജർമ്മനി, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ നെസ്‌ലെ വിൽപ്പന നടത്തുന്ന സെറിലാക്കിൽ അധിക പഞ്ചസാര ഇല്ല. എന്നാൽ സമാന ഉൽപ്പന്നം എത്യോപ്യയിലും തായ്‍ലൻഡിലും വിൽക്കുമ്പോൾ അഞ്ച് ഗ്രാമിലും കൂടുതലാണ് പഞ്ചസാരയുടെ അളവ്. ഇത്തരത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഈ മേഖലയിൽ ബിസിനസ്സ് നടത്തുന്നവർക്ക് ഒരു സൂചന മാത്രമാണിത്. ലാഭം ഉണ്ടാക്കുന്നത് പൊതുജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായി മാറരുത്!