LOGO PNG

ഇലോൺ മസ്ക് ഇന്ത്യയിലേക്ക് – ബിസിനസ്സ് മേഖലയിൽ വരുന്ന മാറ്റങ്ങളും നിരവധി തൊഴിൽ അവസരങ്ങളും

MUSK APR 19

ഇലോൺ മസ്ക് ഇന്ത്യയിലേക്ക് വരുമ്പോൾ ബിസിനസ്സ് മേഖലയിൽ വരുന്ന മാറ്റങ്ങളും നിരവധി തൊഴിൽ അവസരങ്ങളും എന്തൊക്കെയാണെന്ന് അറിയാമോ ? അമേരിക്കൻ ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള വൈദ്യുത വാഹന കമ്പനിയായ ടെസ്ലയ്ക്ക് വേണ്ടി സെമികണ്ടക്ടർ ചിപ്പ് നിർമിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പ് നേടിയെടുത്തിരിക്കുകയാണ്. ടാറ്റയും ടെസ്ലയും തമ്മിലുള്ള സഹകരണം എന്തുകൊണ്ടാണ് ഇന്ത്യയുടെ സെമികണ്ടക്ടർ നിർമാണ മേഖലയുടെ ഭാവി മാറ്റിമറിക്കുന്നതെന്ന് നമ്മൾ അറിഞ്ഞിരിക്കണം. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇലക്ട്രോണിക്സുമായാണ് ഇലോൺ മസ്കിന്റെ ടെസ്ല തന്ത്രപരമായ സഹകരണത്തിനുള്ള ധാരണയിലെത്തിയത്.

ആഗോള തലത്തിൽ ടെസ്ലയുടെ വൈദ്യുത വാഹനങ്ങൾക്കു ആവശ്യമായ സെമികണ്ടക്ടർ ചിപ്പുകൾ ടാറ്റ ഗ്രൂപ്പ് നിർമിച്ചു നൽകും. ഇന്ത്യയിൽ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടി നിശ്ചിത തോതിൽ നിക്ഷേപം ഇറക്കുന്ന വൈദ്യുത വാഹന കമ്പനികൾക്ക്, രാജ്യത്തേക്കുള്ള ഇറക്കുമതി തീരുവയിൽ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ കേന്ദ്ര സർക്കാർ നയത്തിനു പിന്നാലെയാണ് ടാറ്റയും ടെസ്ലയും തമ്മിൽ ഒന്നിക്കുന്നത്. അതേസമയം പ്രീമിയം വിഭാഗത്തിലുള്ള വൈദ്യുത കാറുകളായിരിക്കും തുടക്കത്തിൽ ഇന്ത്യൻ വിപണിയിലേക്ക് ടെസ്ല അവതരിപ്പിക്കുക. തുടർന്ന് അനുയോജ്യമായ പങ്കാളിയെ ലഭിക്കുന്ന മുറയ്ക്ക് ചെലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനും ടെസ്ല പദ്ധതിയിടുന്നു.

ഏകദേശം 16,600 കോടി മുതൽ 25,000 കോടി രൂപ വരെ ഇന്ത്യയിൽ നിക്ഷേപിക്കാൻ ടെസ്ല തയ്യാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രാധാന്യം എന്താണെന്നു വെച്ചാൽ ആഗോള തലത്തിലെ വമ്പൻ ഉപഭോക്താക്കളുടെ കരാറുകൾ നേടുന്നതിലൂടെയും അനുബന്ധ ഉത്പാദന സൗകര്യങ്ങൾ സജ്ജമാക്കുന്നതിലൂടെയും ഇന്ത്യയ്ക്കകത്ത് സെമികണ്ടക്ടർ വ്യവസായ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള നിർണായക സംഭാവന നൽകാൻ ടാറ്റ ഗ്രൂപ്പിന് കഴിയുമെന്നതാണ് സവിശേഷത. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വാഹന വിപണി എന്ന നിലയിൽ, ആഗോള വൈദ്യുത വാഹന നിർമാതാക്കളുടെ മുൻനിരയിലുള്ള ടെസ്ലയുടെ കടന്നുവരവ് ഇന്ത്യയ്ക്കും വൈദ്യുത വാഹന സെക്ടറിനും ഉണർവേകുന്ന ഘടകമാകും. ഇതുമായി ബന്ധപ്പെട്ട പുതിയ ബിസിനസ്സ് ആശയങ്ങൾ ഉള്ളവർ അത് പ്രാവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്, ഒപ്പം ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ എന്തൊക്കെയാണെന്ന് ഉദ്യോഗാർഥികൾക്ക് പരിശോധിച്ച് തയാറെടുക്കാനുള്ള ഒരു അവസരം കൂടിയാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp