സർവ്വേ ; യുഎഇയിൽ ഉള്ളവർക്ക് ഈ കഴിഞ്ഞ വർഷം എങ്ങനെ ആയിരുന്നു?

UAE SURVAY

യുഎഇ: യുഎഇയിൽ ഉള്ളവർക്ക് ഈ കഴിഞ്ഞ വർഷം എങ്ങനെ ആയിരുന്നു ? നേട്ടമാണോ കോട്ടമാണോ സംഭവിച്ചത്. ഇത് സംബന്ധിച്ച് പുറത്തു വന്ന ഒരു സർവ്വേയുടെ കണക്കുകൾ പ്രകാരം യുഎഇയിൽ സര്‍വ്വേയിൽ പങ്കെടുത്ത 95 ശതമാനം പ്രവാസികളും മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിച്ചതായി പറഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര ധനകാര്യ ഉപദേശക കമ്പനിയായ ഹോക്സ്റ്റൺ കാപിറ്റൽ മാനേജ്മെൻ്റ് നടത്തിയ 2024-ലെ വേള്‍ഡ് വൈഡ് വെൽത്ത് സര്‍വ്വേയിലാണ് പ്രവാസികളുടെ സാമ്പത്തിക നേട്ടവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങൾ പുറത്തു വന്നത്.

യുഎഇയിൽ താമസിക്കുന്ന, സര്‍വ്വേയിൽ പങ്കെടുത്ത 2000 പ്രവാസികളിൽ 55 ശതമാനം പ്രവാസികളും ശമ്പള വര്‍ധനവിലൂടെയാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെങ്കിൽ 35 ശതമാനം പേര്‍ ഇൻവെസ്റ്റ് പോര്‍ട്ട്ഫോളിയോയുടെ പ്രകടനത്തിലൂടെയാണ് നേട്ടമുണ്ടാക്കിയത്. നിക്ഷേപത്തിൻ്റെ കാര്യം പരിശോധിച്ചാൽ 30 ശതമാനം പേര്‍ പ്രോപര്‍ട്ടികളിലും 20 ശതമാനം പേര്‍ പെൻഷൻ ഫണ്ടിലുമാണ് ശ്രദ്ധ കൊടുത്തത്. ഹ്യൂമൻ കാപിറ്റൽ കൺസൾട്ടൻസി സ്ഥാപനമായ മെഴ്സര്‍ ഈ വര്‍ഷം പുറത്തുവിട്ട പഠനത്തിൽ യുഎഇയിൽ ഈ വര്‍ഷം പണപ്പെരുപ്പം ഉണ്ടാകുന്നതിനേക്കാൾ വേഗത്തിൽ ശമ്പള വര്‍ധനവുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം വളരുന്നതും തൊഴിലാളികൾക്കായുള്ള ഡിമാൻഡ് വര്‍ധിക്കുന്നതുമാണ് ഇതിന് കാരണമായി സൂചിപ്പിച്ചത്. ഇതിന് സമാനമായ വിവരങ്ങളാണ് ഹോക്സ്റ്റൺ കാപിറ്റൽ നടത്തിയ സര്‍വ്വേയിലും വ്യക്തമായിരിക്കുന്നത്.

എന്തുകൊണ്ടാണ് ജോലി ചെയ്യാൻ യുഎഇയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് സര്‍വ്വേയിൽ പങ്കെടുത്ത 85 ശതമാനം പേരും യുഎഇയിലെ മികച്ച തൊഴിലവസരങ്ങളും ജീവിത നിലവാരവുമാണ് പ്രാഥമികമായി അവിടേക്ക് ആകര്‍ഷിച്ചത് എന്ന് പറഞ്ഞു. 95 ശതമാനം പ്രവാസികളും മുൻ വര്‍ഷത്തേക്കാൾ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് പറയുമ്പോൾ രാജ്യത്ത് മാറി വരുന്ന സാമ്പത്തിക സാഹചര്യങ്ങളോട് ഇണങ്ങാൻ അവര്‍ക്ക് കഴിയുന്നു എന്നാണ് മനസിലാക്കേണ്ടത്. അതേ സമയം, സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ പ്രധാനമായും വര്‍ധിച്ചു വരുന്ന ജീവിത ചെലവിലേക്കാണ് വിരൽ ചൂണ്ടുന്നത്. 60 ശതമാനം പ്രവാസികളും തങ്ങളുടെ സേവിങ്സ് കെട്ടിപ്പടുക്കുക എന്ന കാര്യത്തിനാണ് മുൻഗണന നൽകുന്നത്. ഇതിൽ 45 ശതമാനം പേരും നിക്ഷേപം നടത്തുന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നത്. യുഎഇയിലെ 95 ശതമാനം പ്രവാസികളുടെ കാര്യം മാറ്റി നിര്‍ത്തിയാൽ ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ 60 ശതമാനം പ്രവാസികളാണ് സാമ്പത്തികമായി ജീവിതം മെച്ചപ്പെട്ടു എന്ന് വ്യക്തമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp