42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടി കയറി. ഈ വര്‍ഷം ദക്ഷിണ കൊറിയ ആണ് വിശിഷ്ടാതിഥി. 108 രാജ്യങ്ങളില്‍നിന്ന് 2033 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ മലയാളത്തില്‍ നിന്നും പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. ‘ഞങ്ങള്‍ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇന്ന് (നവംബർ 01, ബുധൻ) നവംബര്‍ 12 ഞായറാഴ്ച വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള നടക്കുന്നത്.
യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരമായ കൊറിയന്‍ സംസ്‌കാരത്തിന്റെ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ ദക്ഷിണ കൊറിയന്‍ പവലിയനില്‍ സംഘടിപ്പിക്കും. കഴിഞ്ഞ ജൂണില്‍, സിയോള്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 65-ാമത് എഡിഷനില്‍ ഷാര്‍ജയായിരുന്നു ദക്ഷിണ കൊറിയയുടെ അതിഥി.
2022 ലെ പുസ്തകമേളയില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213-ലധികം പ്രസാധകരെയും 57 രാജ്യങ്ങളില്‍ നിന്നുള്ള 150 എഴുത്തുകാരെയും ചിന്തകരെയും ഒരുമിച്ച് കൊണ്ടുവന്നിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പകര്‍പ്പവകാശം വാങ്ങുന്നതിലും വില്‍ക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന നേട്ടം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനായിരുന്നു.
നൂറുകണക്കിന് പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളും ഇത്തവണ പ്രകാശനം ചെയ്യുന്നുണ്ട്. ബുക്ക് ഫോറം കൂടാതെ ഇന്റലെക്ച്വല്‍ ഹാള്‍, ബാള്‍റൂം എന്നിവിടങ്ങളിലും പുസ്തക പ്രകാശനങ്ങളുണ്ടാവും. ഇതിനായി മലയാളത്തില്‍നിന്ന് കെ.ജയകുമാര്‍, എം.പി.മാരായ ബിനോയ് വിശ്വം, എന്‍.കെ.പ്രേമചന്ദ്രന്‍, സി.പി.എം. നേതാക്കളായ പി.ജയരാജന്‍, ഡോ.വി.പി.പി. മുസ്തഫ തുടങ്ങിയവരും പങ്കെടുക്കും.