LOGO PNG

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ ഇന്ത്യൻ സാന്നിധ്യം

SIBF INDIAN GUESTS

ഷാര്‍ജ : 2023 നവംബര്‍ 01 മുതല്‍ 12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 42-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധി പ്രഗല്‍ഭരെത്തുന്നു. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് തങ്ങളുടെ സാന്നിധ്യമറിയിക്കുക. അവരവരുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കും.

സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, അജയ് പി.മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ ഇന്ത്യയിൽ നിന്ന് അതിഥികളാകുന്നത്.

നവംബര്‍ 03 ന് രാത്രി 08.30 മുതല്‍ 09.30 വരെ ഫോറം-01 ല്‍ ബോളിവുഡ് നടി നീനാ ഗുപ്ത ‘സച്ച് കഹോം തോ-നീന ഗുപ്ത’ എന്ന പരിപാടിയില്‍ പങ്കെടുക്കും. ‘സച്ച് കഹോം തോ’ എന്ന പുസ്തകത്തെ കുറിച്ചും തന്റെ സിനിമാ യാത്രയെക്കുറിച്ചും സാമൂഹികവും ലിംഗപരവുമായ പെരുമാറ്റ രീതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും സംവദിക്കും.

നവംബർ 04 ന് വൈകിട്ട് 6.30 മുതല്‍ 7.30 വരെ ബാള്‍ റൂമില്‍ നിഹാരിക തന്റെ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ യാത്രയെക്കുറിച്ച് സംവദിക്കും. ഇന്റര്‍നെറ്റ് യുഗത്തില്‍ ഏറെ ശ്രദ്ധേയയായ നിഹാരികയുടെ സദസ്സുമായുള്ള ആശയ വിനിമയം അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ഉള്ളടക്കത്തിലെ പുതുമ കൊണ്ടും രസകരവും അനുഭവപരവുമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതേ വേദിയിൽ രാത്രി 08 മുതല്‍ 10 വരെ ബോളിവുഡ് ദിവ കരീന കപൂര്‍ ‘ കരീനാ കപൂർ ഖാൻസ് പ്രഗ്‌നന്‍സി ബൈബിള്‍’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചും ബോളിവുഡിലെ ചലച്ചിത്ര യാത്രാ സംബന്ധിച്ചും സംവദിക്കും. ഫോറം -03 ല്‍ രാത്രി 8.30 മുതല്‍ 9.30 വരെ അജയ് പി.മങ്ങാട്ട് ‘വിവര്‍ത്തനവും അതിന്റെ സാധ്യതകളും എന്ന ചര്‍ച്ച’യില്‍ സംസാരിക്കും. ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന തന്റെ പുസ്തകത്തെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിക്കുന്നതാണ്.

നവംബര്‍ 5ന് വൈകിട്ട് 5 മുതല്‍ 6 വരെ ഇന്റലക്ച്വല്‍ ഹാളില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ‘ചന്ദ്രയാന്‍ മുതല്‍ ആദിത്യ എല്‍-1 വരെ’ എന്ന പരിപാടിയില്‍ ചന്ദ്രയാന്‍-3ന്റെയും ആദിത്യ എല്‍-1ന്റെയും വിജയ കഥകള്‍ അവതരിപ്പിക്കും. വൈകിട്ട് 4.30 മുതല്‍ 6.30 വരെ ബാള്‍ റൂമില്‍ പ്രമുഖ മലയാളി വ്യവസായി ജോയ് ആലുക്കാസിന്റെ ‘സ്പ്രഡിങ് ജോയ്’ എന്ന ആത്മകഥ ചലച്ചിത്ര നടി കജോള്‍ ദേവ്ഗൺ പ്രകാശനം ചെയ്യും.

ഫോറം-03ല്‍ രാത്രി 07.15 മുതല്‍ 08.15 വരെ ‘പെര്‍ഫെക്ട് 10’ല്‍ സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്ധ യാസ്മിന്‍ കറാച്ചിവാല ആരോഗ്യത്തോടും ഫിറ്റ്‌നസോടും കൂടി എങ്ങനെ ജീവിക്കാമെന്നത് സംബന്ധിച്ച് സ്വന്തം അനുഭവങ്ങള്‍ പങ്കു വയ്ക്കും.’ഗെറ്റ് എപിക് ഷിറ്റ് ഡണ്‍’ എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിൻ്റെ രചയിതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അങ്കുര്‍ വാരിക്കൂ രാത്രി 08.45 മുതല്‍ 09.45 വരെ ഇന്റലക്ച്വല്‍ ഹാളില്‍ വായനക്കാരുമായി സംവദിക്കും.

നവംബർ 09 ന് രാത്രി 08 മുതല്‍ 09 വരെ ബാള്‍ റൂമില്‍ ‘എ സ്റ്റാര്‍ ഇന്‍ സ്‌പേസ്’ എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ നാസ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് പങ്കെടുക്കും. ബഹിരാകാശ യാത്രാനുഭവം, ബഹിരാകാശ നടത്തം, നാസയുടെ ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്‍ എന്നിവയെ കുറിച്ച് അവര്‍ സംവദിക്കും. നവംബർ 10 വെള്ളിയാഴ്ച ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 08 മുതല്‍ 10 വരെ ‘ഇന്‍ ഫ്രീ ഫാള്‍’ എന്ന പരിപാടിയില്‍ നര്‍ത്തകിയും അഭിനേത്രിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായി തന്റെ യാത്ര, പുസ്തകം എന്നിവ സബന്ധിച്ച് സംവദിക്കും.

രാത്രി 08.30 മുതല്‍ 09.30 വരെ ഫോറം-03ല്‍ ‘ടു ഹെല്‍ ആൻഡ് ബായ്ക്ക്: ഹ്യൂമന്‍സ് ഓഫ് കോവിഡ്’ എന്ന പരിപാടിയില്‍ വിഖ്യാത ടിവി ജേര്‍ണലിസ്റ്റും അവതാരകയും കോളമിസ്റ്റുമായ ബര്‍ഖാ ദത്ത് മഹാമാരിക്കാലത്തെ റിപ്പോര്‍ട്ടിങ്ങിനിടെ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും തന്റെ പുസ്തകത്തെക്കുറിച്ചും സദസ്സുമായി അനുഭവങ്ങള്‍ പങ്കിടും.11ന് രാത്രി 08.30 മുതല്‍ 09.30 വരെ ഇന്റലക്ച്വല്‍ ഹാളില്‍ ‘ദുരന്ത നിവാരണത്തിന്റെ നുറുങ്ങുകളും തന്ത്രങ്ങളും’ എന്ന വിഷയത്തില്‍ യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക് ഷന്‍ മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടി സംസാരിക്കും. ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന തന്റെ പുസ്തകം സംബന്ധിച്ചും അദ്ദേഹം സംസാരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp