റാസല്‍ഖൈമ: റാസല്‍ഖൈമ എമിറേറ്റില്‍ 2024 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഇത് സംബന്ധിച്ച് 2023ല്‍ പുറപ്പെടുവിച്ച നിയമം നമ്പര്‍ 4 പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗവും പ്രചാരവും 2024 ജനുവരി 1 മുതല്‍ എമിറേറ്റില്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയ സുസ്ഥിരതാ മിഷന്റെ ഭാഗമായി ഘട്ടംഘട്ടമായി രാജ്യത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും കുറച്ചുകൊണ്ടുവരികയും ഭാവിയില്‍ പൂര്‍ണമായി നിരോധിക്കാനും യുഎഇ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നതെന്ന് റാസല്‍ഖൈമ എമിറേറ്റിലെ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി വിശദീകരിച്ചു.
2024 ജനുവരി മുതല്‍ നടപ്പാക്കുന്ന നിയമത്തെ പറ്റി അതോറിറ്റി കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചു. യുഎഇ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്കുള്ള നിരോധനത്തിന് അനുസൃതമായാണ് പുതിയ നിയമം എമിറേറ്റില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്ന് എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി വിശദീകരിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി, ഉത്പാദനം, പ്രചാരം എന്നിവ നിരോധിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിന് ശേഷത്തിനു ശേഷം യുഎഇയില്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. 2026 ജനുവരി മുതല്‍ പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, കട്ട്‌ലറികള്‍, കണ്ടെയ്‌നറുകള്‍, ബോക്‌സുകള്‍. സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കത്തികള്‍, ചോപ്സ്റ്റിക്കുകള്‍, സ്‌ട്രോകള്‍, കോഫിയും മറ്റും ഇളക്കാന്‍ ഉപയോഗിക്കുന്ന സ്റ്റിററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
യുഎഇയിലെ മറ്റ് അഞ്ച് എമിറേറ്റുകള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നേരത്തെ നിരോധനം പ്രഖ്യാപിക്കുകയോ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയോ ചെയ്തിരുന്നു. അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം 2022 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
ദുബായില്‍ 2022 ജൂലൈ ഒന്നു മുതല്‍ ചില്ലറ വ്യാപാരികള്‍ ഒരു ബാഗിന് 25 ഫില്‍സ് ഈടാക്കുന്നുണ്ട്. ഷാര്‍ജയില്‍ 2022 ഒക്ടോബര്‍ ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് താരിഫ് ഏര്‍പ്പെടുത്തി. 2024 ജനുവരി ഒന്നു മുതല്‍ നിരോധനം നിലവില്‍ വരും. ഉമ്മുല്‍ ഖുവൈനിലും അജ്മാനിലും 2023ന്റെ തുടക്കം മുതല്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം പ്രബാല്യത്തില്‍ വന്നിരുന്നു.