ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷനിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 2023 ഒക്ടോബർ 28 മുതൽ 2023 നവംബർ 26 വരെയാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി dubaifitnesschallenge.com എന്ന വെബ്ലിങ്കിൽ പ്രവേശിക്കുക.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017 ൽ തുടക്കം കുറിച്ച സംരംഭമാണിത്. ഒരുമാസം നീണ്ടുനിൽക്കുന്ന 30 മിനിറ്റ് വ്യായാമത്തിന് ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കും. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബോൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിന്‍റെ ഭാഗമായിരിക്കും.
ജീവിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ഫിറ്റ്നസ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നത്.