തൊഴിലന്വേഷകർക്കൊപ്പം വിനോദ സഞ്ചാരികൾക്കും കൂടുതൽ അവസരങ്ങളുടെ വാതിൽ തുറക്കുകയാണ് ഈ ഏകീകൃത വീസ സംവിധാനം. അതിനുള്ള നീക്കം യുഎഇ ഊർജിതമാക്കുകയാണ്. ഈ പദ്ധതി യാഥാർഥ്യമായാൽ യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യാ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്കും സന്ദർശകർക്കും ഒറ്റ വീസയിൽ എല്ലാ രാജ്യങ്ങളിലേക്കും പോകാൻ സാധിക്കും.
ഓരോ രാജ്യത്തേക്കും പ്രത്യേകം വീസയ്ക്കുള്ള നടപടിക്രമങ്ങൾ ഒഴിവാകുന്നതിനൊപ്പം ചെലവും കുറയും. ഇത് വ്യവസായികൾക്കും ഗുണകരമാണ്. അതുകൊണ്ടു തന്നെ ബിസിനസ്സ് സ്ഥാപനങ്ങൾ പല രാജ്യങ്ങളിലേക്കും വികസിപ്പിക്കണം എന്നാഗ്രഹിക്കുന്നവരും ഒപ്പം പല ബിസിനസ്സ് ആശയങ്ങൾ ഉള്ളവരും പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള സമയമാണിത്.
ഇങ്ങനെ രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര സഞ്ചാരത്തിനു വഴിയൊരുക്കുന്നത് എല്ലാ രാജ്യങ്ങൾക്കും ഗുണകരമാണെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി യഥാർഥ്യമാകുന്നതോടെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കും പൊതുവീസ അനിവാര്യമാകും.