യുഎഇ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ ഇന്ന് യുഎഇയില്‍ എത്തും. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാവിലെ 9.15ന് പ്രധാനമന്ത്രി വിമാനമിറങ്ങും. ഇത് അഞ്ചാം തവണയാണ് മോദി യുഎഇയിലെത്തുന്നത്. ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചർച്ച നടത്തുന്ന പ്രധാനമന്ത്രി യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും.
ഇന്ത്യ അധ്യക്ഷസ്ഥാന വഹിക്കുന്ന ജി 20 യില്‍ യുഎഇ പ്രത്യേക ക്ഷണിതാവാണ്. കോപ്-28 ന് ആതിഥ്യമരുളുന്നത് യുഎഇയും. ഈ രണ്ട് വിഷയങ്ങളുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- യുഎഇ സൗഹൃദത്തിന് കൂടുതല്‍ ശക്തി പകരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.