LOGO PNG

മികച്ച നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ യുഎഇ പ്രധാന പങ്ക് വഹിക്കുന്നു: സാമ്പത്തിക മന്ത്രി

uae finance

ലോക രാജ്യങ്ങൾക്ക് വിശാലമായ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ യുഎഇ പ്രധാന പങ്ക് വഹിക്കുന്നതായി സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി പറഞ്ഞു. സിറ്റി വീക്ക് ഫോറത്തിന്റെ 13-ാമത് പതിപ്പിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം യുകെയിലെ ബിസിനസ് ആന്റ് ട്രേഡ് വകുപ്പ് സഹമന്ത്രി ലോർഡ് ഡൊമിനിക് ജോൺസണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇയുടെ നിക്ഷേപ അവസരങ്ങളെ സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

യുഎഇയുടെ ലോകത്തോടുള്ള തുറന്ന സമീപനത്തിന് ഊന്നൽ നൽകിയ ബിൻ തൂഖ് ആഗോള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തിന്റെ താല്പര്യം വ്യക്തമാക്കുകയും ചെയ്തു. കൂടാതെ, പുതിയ സാമ്പത്തിക മേഖലകളിൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വിതരണ ശൃംഖലയെ പിന്തുണയ്ക്കുന്നതിലും യുഎഇയുടെ പ്രധാന പങ്ക് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

യുഎഇ, ബ്രിട്ടൻ, യൂറോപ്യൻ ഭൂഖണ്ഡം എന്നിവയ്‌ക്കിടയിൽ നിലവിലുള്ള സാമ്പത്തിക പങ്കാളിത്തം ഉറപ്പിക്കുകയും പുതിയ സാമ്പത്തിക മേഖലകളിൽ പുതിയവ രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. യുഎഇയുടെ മുൻനിര സാമ്പത്തിക അനുഭവങ്ങൾ, നൂതന സാങ്കേതിക വിദ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ, ആകർഷകമായ ബിസിനസ്സ്, നിക്ഷേപ അന്തരീക്ഷം, ലളിതമായ സാമ്പത്തിക നിയമം എന്നിവ മികച്ച നിക്ഷേപ അവസരങ്ങളാണ് രാജ്യത്ത് ഒരുക്കുന്നത്ത് എന്ന് അൽ മർരി അഭിപ്രായപ്പെട്ടു.

യുഎഇയിലും വിശാലമായ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ വിപണികളിലും വളർച്ചയും വികാസവും കൈവരിക്കുന്നതിന് യുഎഇ സമ്പദ്‌വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങളും പ്രോത്സാഹനങ്ങളും പ്രയോജനപ്പെടുത്താൻ അദ്ദേഹം യൂറോപ്യൻ, ബ്രിട്ടീഷ് ബിസിനസ്സ് കമ്മ്യൂണിറ്റികളെ ക്ഷണിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങൾക്കും സാമ്പത്തിക വെല്ലുവിളികൾക്കും കൂടുതൽ ഫലപ്രദമായ പരിഹാരങ്ങൾ സൃഷ്‌ടിക്കാൻ യുണൈറ്റഡ് കിംഗ്‌ഡത്തിലെയും ലോകത്തെയും 1,000-ലധികം ലോക നേതാക്കന്മാരെയും, നയതന്ത്രജ്ഞരെയും, സാമ്പത്തിക ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരുന്ന വാർഷിക ആഗോള ഫോറമാണ് സിറ്റി വീക്ക്. കാലാവസ്ഥാ വ്യതിയാനം, ഹരിത ധനകാര്യവും സുസ്ഥിരതയും, ഡിജിറ്റൽ ആസ്തികളുടെ നിയന്ത്രണം, മൂലധന വിപണിയിലെ ഡിജിറ്റൈസേഷനും നവീകരണവും എന്നിവയെ ചുറ്റിപ്പറ്റിയുള്ള മൂന്ന് പ്രധാന പ്രശ്‌നങ്ങളാണ് ഈ വർഷത്തെ പതിപ്പ് കൈകാര്യം ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp