മലയാളികൾക്ക് പ്രിയപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങൾ വിമാനങ്ങളിൽ നൽകിത്തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലയിക്കാൻ പോകുന്ന എയർ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സർവിസുകളിലും ഇതേ മെനു അനുസരിച്ചുളള വിഭവങ്ങളാണ് തയാറാക്കുന്നത്.
ഇന്ത്യയിൽ നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ ഷെഫ് മത്സര വിജയി കീർത്തി ഭൗട്ടിക തയാറാക്കിയ രണ്ട് സിഗ്നേച്ചർ വിഭവങ്ങളുൾപ്പടെ 19 വിഭവങ്ങളാണ് ഗോർമീരിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഹൈദരാബാദി മട്ടൺ ബിരിയാണി, അവധി ചിക്കൻ ബിരിയാണി, തേങ്ങച്ചോറിൽ തയാറാക്കിയ വീഗൻ മൊയ്ലി കറി, മിനി ഇഡലി, മേദു വട തുടങ്ങി തദ്ദേശിയ വിഭവങ്ങളും ഉത്തരേന്ത്യൻ വിഭവങ്ങളും ഫ്യൂഷൻ വിഭവങ്ങളും എല്ലാം ചേർന്നതാണ് പുതിയ പ്രീ ബുക്ക് മെനു. താജ് ഹോട്ടൽ ഗ്രൂപ്പിന്റെ ഭാഗമായ താജ് സാറ്റ്സ്, കസിനോ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ പതിനാറ് വൻകിട ഫ്ളൈറ്റ് കിച്ചണുകളേയും ദുബൈ, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളേയുമാണ് വിഭവങ്ങൾ തയാറാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഗൾഫിലേക്കും സിംഗപ്പൂരിലേക്കും യാത്രചെയ്യുന്നവർക്ക് യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ airindiaexpress.com സന്ദർശിച്ച് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാം. ആഭ്യന്തര സർവിസുകളിൽ 12 മണിക്കൂർ മുമ്പ് വരെ ഭക്ഷണം ബുക്ക് ചെയ്യാം. ഓരോരുത്തരും ഓർഡർ ചെയ്ത വിഭവം ചൂടോടെ വിമാനത്തിൽ വിളമ്പും. ഇത് കൂടാതെ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് വിമാനത്തിൽനിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്ന മുപ്പതോളം ഭക്ഷണ പാനീയങ്ങളും പുതുക്കിയ മെനുവിലുണ്ട്.
തിരുവനന്തപുരത്ത് ഉദയസമുദ്രയിൽ നിന്നാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. കൊച്ചിയിൽ ലുലു ഫ്ളൈറ്റ് കിച്ചൺ. കോഴിക്കോട്ടും കണ്ണൂരും കസിനോ ഗ്രൂപ്പാണ് വിഭവങ്ങൾ ഒരുക്കുക. ഈ നാല് വിമാനത്താവളങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ നടത്തുന്നതും എയർ ഇന്ത്യ എക്സ്പ്രസ്സ് തന്നെ. ആഴ്ചയിൽ 350ൽ അധികം നേരിട്ടുളള വിമാന സർവ്വീസുകളാണ് കേരളത്തിൽ നിന്ന് ഗൾഫിലേക്കും തിരിച്ചുമായി എയർ ഇന്ത്യ എക്സ്പ്രസ്സിനുളളത്.