ഗ്രാമീണ മേഖലകളിലേക്കുള്ള റോഡ് ഗതാഗതം യാഥാ‍ർഥ്യമാക്കും : ധനമന്ത്രി നിർമലാ സീതാരാമൻ

BUDJET 2024 03

ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‍വൈ) യുടെ നാലാംഘട്ടം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂ‍ർണ ബജറ്റ് അവതരണത്തിൽ അറിയിച്ചു. ജനസംഖ്യയ്ക്ക് മുൻഗണന നൽകി 25,000 ഗ്രാമീണ ആവാസവ്യവസ്ഥകളിലേക്ക് എല്ലാ കണക്റ്റിവിറ്റിയും ലഭ്യമാക്കുന്നതിനായി ഗ്രാമീണ മേഖലകളിലേക്കുള്ള റോഡ് ഗതാഗതം യാഥാ‍ർഥ്യമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ബജറ്റിനു മുന്നോടിയായി പാർലമെൻ്റിൽവെച്ച 2023-24 സാമ്പത്തിക സർവേയിൽ പിഎംജിഎസ്‍വൈയുടെ കീഴിൽ 8,29,409 കിലോമീറ്റർ റോഡിന് അനുമതി നൽകിയതായി വ്യക്തമാക്കിയിരുന്നു. 2024 ജൂൺ 18 വരെ 7,63,308 കിലോമീറ്റർ റോഡിൻ്റെ നിർമാണം പൂർത്തിയായതായും വ്യക്തമാക്കിയിട്ടുണ്ട്. 3.23 ലോക്ഷം കോടി രൂപയുടെ ചെലവിലാണ് നിർമാണം പൂർത്തിയായത്. അതേസയം ദേശീയ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി 11 വ്യാവസായിക ഇടനാഴികളുടെ വികസനവുമായി മുന്നോട്ടുപോകുന്നത് ഇന്ത്യയിലെ റോഡ് കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നുണ്ട്.

2000 ഡിസംബർ 25നാണ് പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‍വൈ) യുടെ പ്രഖ്യാപനം നടന്നത്. അടൽ ബിഹാരി വാജ്പേയി പ്രധാമന്ത്രിയായിരിക്കെയാണ് പിഎംജിഎസ്‍വൈ പ്രഖ്യാപിച്ചത്. 2013ലായിരുന്നു പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടന്നത്. ഇതിന് ശേഷം മാവോയിസ്റ്റ് ബാധിത മേഖലകളിലെ ഗ്രാമീണ റോഡുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2016ൽ, റോഡ് കണക്റ്റിവിറ്റി പ്രോജക്റ്റ് ഫോർ ലെഫ്റ്റ് വിങ് എക്സ്ട്രീമിസം അഫക്ടഡ് ഏരിയാസ് (RCPLWEA) എന്ന പദ്ധതി അവതരിപ്പിച്ചു. 2019ലായിരുന്നു പിഎംജിഎസ്‍വൈയുടെ മൂന്നാംഘട്ടം പ്രഖ്യാപിച്ചത്.

അതേസമയം പ്രളയം മൂലം ദുരിതം നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ബജറ്റിൽ സഹായം പ്രഖ്യാപിച്ചു. ബിഹാറിൽ സമഗ്രമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതി ആരംഭിക്കും. അസമിൽ വെള്ളപ്പൊക്ക പ്രവൃത്തനങ്ങൾക്കും അനുബന്ധ പദ്ധതികൾക്കും സർക്കാർ സഹായം നൽകും. ഹിമാചൽ പ്രദേശിനും സഹായം പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മേഘസ്‌ഫോടനം എന്നീ പ്രകൃതിദുരന്തങ്ങളിൽ സാരമായ നാശനഷ്ടങ്ങൾ നേരിട്ട ഉത്തരാഖണ്ഡിന് സഹായം അനുവദിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp