യുവാക്കൾക്ക് ഇന്ത്യയിലെ 500 പ്രമുഖ കമ്പനികളിൽ ഇൻ്റേൺഷിപ്പ് ചെയ്യാം

BUDJET 2024 02

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കമ്പനികളിൽ യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് നൽകാൻ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അടുത്ത അഞ്ച് വർഷം ഒരു കോടി യുവാക്കളെ ലക്ഷ്യംവെച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിൽ പറഞ്ഞു. രാജ്യത്തെ 500 പ്രമുഖ കമ്പനികളിൽ യുവാക്കൾക്ക് ഇൻ്റേൺഷിപ്പിനുള്ള അവസരം ഒരുക്കാനാണ് കേന്ദ്രത്തിൻ്റെ പദ്ധതി. ഇൻ്റേൺഷിപ്പ് കാലയളവിൽ യുവാക്കൾക്ക് പ്രതിമാസം 5000 രൂപ ഇൻ്റേൺഷിപ്പ് അലവൻസും 6000 രൂപ ഒറ്റത്തവണ സഹായവുമായി 500 പ്രമുഖ കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുന്ന പദ്ധതി സർക്കാർ ആരംഭിക്കും എന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ഇൻ്റേൺഷിപ്പ് കാലയളവിലെ ചെലവ് കമ്പനി വഹിക്കണം. ഇതിൻ്റെ 10 ശതമാനം തുക സിഎസ്ആർ ഫണ്ടിൽനിന്ന് വഹിക്കണമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

അതിനിടെ, അടുത്ത അഞ്ച് വർഷം 4.1 കോടി തൊഴിലുകൾ സൃഷ്ടിക്കാൻ സർക്കാർ രണ്ട് ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ കുറയ്ക്കാനും യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കാനുമുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് അടിവരയിടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.”4.1 കോടി യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അഞ്ച് പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രണ്ടു ലക്ഷം കോടി രൂപയുടെ കേന്ദ്ര വിഹിതത്തിൽ ഈ വർഷം ഞങ്ങൾ 1.48 ലക്ഷം കോടി രൂപ വകയിരുത്തി”- മന്ത്രി പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെ കഴിവുകൾ വർധിപ്പിക്കാനായി കേന്ദ്രാവിഷ്‌കൃത നൈപുണ്യ വികസന സംരംഭവും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഇതുവഴി 20 ലക്ഷം യുവാക്കളെ പരിശീലിപ്പിക്കും. അവർക്കുള്ള തൊഴിലവസരം സുരക്ഷിതമാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം നൽകും. വിവിധ മേഖലകളിൽ ആദ്യമായി ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഒറ്റത്തവണ വേതന സഹായം സർക്കാർ പ്രഖ്യാപിച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴിയാണ് സഹായം നൽകുക. അതേസമയം ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും എന്നും പ്രഖ്യാപന വേളയിൽ ധനമന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search