മികച്ച നഗരങ്ങളുടെ പട്ടികയിൽ സ്ഥാനക്കയറ്റത്തോടെ ദുബായിയുടെ ജൈത്രയാത്ര

DUBAI IN LIST

ജപ്പാനിലെ നഗരാസൂത്രണ ഗവേഷണ സ്ഥാപനമായ മോറി ഫൗണ്ടേഷന്‍ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സ് (ജിപിസിഐ) 2023 പ്രകാരം ലോകത്തെ മികച്ച നഗരങ്ങളില്‍ ആഗോള തലത്തില്‍ ദുബായ് എട്ടാം സ്ഥാനത്തെത്തി. പശ്ചിമേഷ്യയില്‍ ഒന്നാം സ്ഥാനവും പട്ടികയില്‍ ഇടംനേടിയ ഏക ഗള്‍ഫ് നഗരവുമാണ് ദുബായ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയാണ് ദുബായ് എട്ടാമതെത്തിയത്. സാമ്പത്തിക, ടൂറിസം, ട്രാവല്‍ മേഖലകളില്‍ ലോകത്തെ വിവിധ സര്‍വേകളില്‍ പലതവണ ദുബായ് മികച്ച സ്ഥാനം നേടിയിട്ടുണ്ട്.
ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സിലെ ആദ്യ മൂന്നൂ സ്ഥാനങ്ങളിലുള്ളത് ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്യോ എന്നീ നഗരങ്ങളാണ്. 2008 മുതല്‍ എല്ലാ വര്‍ഷവും ഈ പട്ടിക പസിദ്ധീകരിച്ചുവരുന്നു. സംരംഭങ്ങള്‍, കുടിയേറ്റം, യാത്ര, സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയ വിലയിരുത്തി സര്‍ക്കാരുകള്‍, ബിസിനസുകള്‍, വ്യക്തികള്‍ എന്നിവരെ ആകര്‍ഷിക്കാനുള്ള നഗരങ്ങളുടെ കരുത്തും മത്സരക്ഷമതയും അളക്കുന്നതാണ് ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സ്.
ആകെ 48 രാജ്യങ്ങളിലെ നഗരങ്ങളാണ് പട്ടികയിലുള്ളത്.

നഗര ശുചിത്വം, ജോലിയുടെ വഴക്കം, കുറഞ്ഞ തൊഴിലില്ലായ്മ, കോര്‍പറേറ്റ് നികുതി എന്നിവയില്‍ ദുബായ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനവും നേടി. മേഖലയില്‍നിന്ന് കെയ്‌റോയും തെല്‍അവീവും മാത്രമാണ് ശക്തമായ നഗരങ്ങളില്‍ ഇടം നേടിയത്. മുംബൈ നഗരത്തിന് 48ാം സ്ഥാനമുണ്ട്. ആഡംബര ഹോട്ടല്‍ മുറികളുടെ കാര്യത്തില്‍ ദുബായ് ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്. അന്താരാഷ്ട്ര ചരക്കുഗതാഗതത്തില്‍ നാലാം സ്ഥാനവുമുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസ്, സാംസ്‌കാരിക പരിപാടികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയില്‍ അഞ്ചാം സ്ഥാനത്താണ്. ടോക്കിയോ, ഇസ്താംബുള്‍, മാഡ്രിഡ്, മോസ്‌കോ, സിംഗപ്പൂര്‍ എന്നിവയെ പിന്തള്ളി സാംസ്‌കാരിക ആശയവിനിമയ മേഖലയില്‍ നാലാം സ്ഥാനവും നിലനിര്‍ത്തി.

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേട്ടത്തെ കുറിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പിട്ടു. ദുബായിയെ ആഗോള നഗരമാക്കുന്നതില്‍ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് നടത്തുന്ന പരിശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഈ നേട്ടത്തിന് സംഭാവന നല്‍കിയ എല്ലാവരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മികവിനായി സമര്‍പ്പിതനായ ഒരു ദീര്‍ഘവീക്ഷണമുള്ള നേതാവിനെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. ഞങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അതിരുകളില്ലാത്തതിനാല്‍ ദുബായ് സ്ഥിരമായി ഉന്നതസ്ഥാനം ലക്ഷ്യമിടുന്നു. കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ദുബായിയെ ഒരു ആഗോള ഭാവി നഗരമാക്കാം- ഷെയ്ഖ് ഹംദാന്‍ കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp