ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര, സാങ്കേതിക വിദ്യാ പ്രദർശനമായ ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ലോകമെമ്പാടുമുള്ള 6000ൽ അധികം സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ പ്രദർശനത്തിന്റെ വിഷയം എല്ലാം നിർമിത ബുദ്ധി (എഐ) എന്നതാണ് . ഇത്തവണ ദുബായ് ഹാർബറിലും പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ കണ്ടുപിടിത്തങ്ങളുമായി 1600 കമ്പനികളാണ് ദുബായ് ഹാർബറിലെ മേളയിൽ പങ്കെടുക്കുന്നത്.
നാളത്തെ ലോകത്ത് നമ്മൾ എങ്ങനെ ജീവിക്കാൻ പോകുന്നു, എന്തെല്ലാം സാങ്കേതിക വിദ്യകളായിരിക്കും നമുക്ക് കൂട്ടായി ഉണ്ടാവുക എന്നതിന്റെ നേർക്കാഴ്ചയായിരിക്കും ജൈറ്റക്സിൽ നിന്ന് ലഭ്യമാവുക. 180 രാജ്യങ്ങളിൽ നിന്ന് 1.8 ലക്ഷം സന്ദർശകരെയാണ് ഇത്തവണ ജൈറ്റക്സിൽ പ്രതീക്ഷിക്കുന്നത്. ദുബായ് ചേംബറിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകളുടെ മേളയാണ് ദുബായ് ഹാർബറിൽ നടക്കുന്നത്.
18വരെ നടക്കുന്ന മേളയിൽ 1800 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പൊതുവേദിയായ ഇന്ത്യ സെൻട്രൽ ഉൾപ്പെടെ ഈ പരിപാടിയിലുണ്ടാകും. കേരളത്തിൽ നിന്നടക്കം 250 സർക്കാർ സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകും.
ജൈറ്റക്സ് ഉദ്ഘാടന ദിനമായതിനാൽ ഷെയ്ഖ് സായിദ് റോഡിൽ വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് ഗതാഗത കുരുക്കിനുള്ള സാധ്യതയുണ്ട്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക് ദുബായ് മാളിലാണ് പാർക്കിങ്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതായിരിക്കും വേഗം എത്തിപ്പെടാൻ സൗകര്യം.