ദുബായിലെ വാർഷിക ജൈടെക്സ് സാങ്കേതികവിദ്യാ പ്രദർശനത്തിലേക്ക് കേരളത്തിൽനിന്നുള്ള 30 ഐ.ടി. കമ്പനികൾ പങ്കെടുക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 16-നാരംഭിച്ച് നാലുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ കേരളത്തിലെ ഐ.ടി. പാർക്കുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ കമ്പനികളാണ് കേരള ഐ.ടി പാർക്ക്‌സിന്റെയും ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തിൽ പങ്കെടുക്കുന്നത്.
ഉത്‌പന്നങ്ങൾ അവതരിപ്പിക്കുന്നതിനുപുറമേ ഗൾഫ് മേഖലയിൽ വിപണി കേന്ദ്രീകരിക്കുന്നതിനും നിക്ഷേപകബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും കമ്പനികൾ ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ത്രീഡി പ്രിന്റിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡേറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, ക്ലൗഡ്, കംപ്യൂട്ടർ ഹാർഡ് വേർ ആൻഡ് സോഫ്റ്റ് വേർ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 30 കമ്പനികളാണ് കേരളത്തിൽനിന്ന് ജൈടെക്സ് ടെക് ഷോയിൽ പങ്കെടുക്കുന്നത്.