തിരുവനന്തപുരം: വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നമ്മൾ പല വഴികളും അന്വേഷിക്കാറുണ്ട് അങ്ങനെയുള്ള ഇടത്തരം വരുമാനക്കാരുടെ വീട് എന്ന സ്വപ്നം സഫലീകരിക്കുന്നതിന് കൈത്താങ്ങുമായി കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് രംഗത്തെത്തിയിരിക്കുകയാണ്. ബാങ്കിൽനിന്നു വായ്പയെടുത്തു വീട് വയ്ക്കുന്നവർക്കു മൂന്നു ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന, ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം നടപ്പാക്കാൻ തീരുമാനമായി.
12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വീടു വയ്ക്കാൻ സ്വന്തമായി കുറഞ്ഞത് ഒന്നര സെന്റ് ഭൂമി മതിയാകും. വീടിന്റെ നിർമാണച്ചെലവിന്റെ 75 ശതമാനം ഗുണഭോക്തൃവിഹിതവും 25 ശതമാനം സർക്കാർ സബ്സിഡിയും എന്ന നിരക്കിലായിരിക്കും സഹായം ലഭ്യമാക്കുക. കെട്ടിടം പണിയിൽ വീഴ്ച വരുത്തുകയോ, പണി പൂർത്തീകരിക്കാതിരിക്കുകയോ ചെയ്താൽ തുക പലിശ സഹിതം തിരിച്ചുപിടിക്കുകയും ചെയ്യും.
ഇതിന് പറയുന്ന മാറ്റ് മാനദണ്ഡങ്ങൾ ഇവയൊക്കെയാണ്.
- 15 വർഷത്തിനകം മറ്റു സർക്കാർ സഹായങ്ങളൊന്നും ഭവനനിർമാണത്തിനായി സ്വീകരിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- ഭവന രഹിതനാണ് എന്ന് വില്ലേജ് ഓഫിസറോ, തദ്ദേശസ്ഥാപന സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തണം.
- ആദ്യ ഗഡു അനുവദിക്കുന്ന തീയതി മുതൽ ഒരുവർഷത്തിനകം വീട് നിർമിക്കണമെന്നാണു വ്യവസ്ഥ.
- സഹായം സ്വീകരിച്ചുള്ള വീടിന്റെ പരമാവധി വിസ്തീർണം 1600 ചതുരശ്രയടിയാണ്.
അതേസമയം, 12 വർഷം വരെ ഉടമയോ, അനന്തരാവകാശികളോ വീടു വിൽക്കാനോ, കൈമാറ്റം ചെയ്യാനോ പാടില്ലെന്ന വ്യവസ്ഥയും ഇതിനോടൊപ്പം പറയുന്നുണ്ട്.