ചരിത്രം സൃഷ്ടിച്ച് ത്രെഡ്‌സ്

THREADS

ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്ന ആപ്പ് ആയ ത്രെഡ്സ് ആൻഡ്രോയ്ഡിലും ഐഫോണിലും 16 മണിക്കൂറിനുള്ളിൽ 3 കോടിയോളം ഉപയോക്താക്കളെന്ന ചരിത്രം സൃഷ്ടിച്ച് രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ നിന്ന് നേരിട്ടു പ്രവേശിക്കാമെന്നതാണ് ത്രെഡ്സിന്റെ വളർച്ചാ സാധ്യതയായി കണക്കാക്കുന്നത്.

ഒറ്റനോട്ടത്തിൽ ട്വിറ്റർ ആണെന്നു തോന്നിക്കുന്ന ത്രെഡ്സ് ആപ്പിന്റെ ശൈലിയിലും പ്രവർത്തനത്തിലുമെല്ലാം ട്വിറ്ററിന്റെ അനുകരണമായിത്തന്നെ തോന്നുന്നുണ്ട്. ട്വിറ്റ്വറിൽ അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകളെ ട്വീറ്റ് എന്നു വിളിക്കുമ്പോൾ ത്രെഡ്സിലെ ഓരോ പോസ്റ്റും ഓരോ ത്രെഡ് എന്നാണ് വിളിക്കുന്നത്. ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിഷ്കാരങ്ങളിൽ മനംമടുത്ത ട്വിറ്റർ ഉപയോക്താക്കളാണ് ത്രെഡ്സിന്റെ ലക്ഷ്യം എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് അതേ അക്കൗണ്ട് വഴി ത്രെഡ്സിൽ‌ ലോഗിൻ ചെയ്യാം. ഇൻസ്റ്റഗ്രാം വെരിഫൈഡ് അക്കൗണ്ടുകൾ ത്രെഡ്സിലും വെരിഫൈഡ് ആയി തുടരും. അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാമെങ്കിലും ഡിലീറ്റ് ചെയ്യണമെങ്കിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യണം എന്നുകൂടിയുണ്ട്. പോപ് താരങ്ങളായ ഷക്കീറ, ജെനിഫർ ലോപ്പസ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആത്മീയാചാര്യൻ ദലൈ ലാമ തുടങ്ങിയവരും ആദ്യദിനം തന്നെ ത്രെഡ്സ് ഉപയോഗിച്ചുതുടങ്ങി. 2019 ഒക്ടോബറിൽ മെറ്റ മറ്റൊരു ലോഗോയുമായി ത്രെഡ്സ് ആപ് പുറത്തിറക്കിയിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാതെ വന്നതിനെത്തുടർന്ന് 2021 ഡിസംബറിൽ പിൻവലിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp