ജൂൺ 30 ന് മുൻപ് 1000 രൂപ പിഴയൊടു കൂടി പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും.
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ
1. 80 വയസ്സോ അതിൽ കൂടുതലോ ഉള്ള വ്യക്തികൾ
2. ആദായനികുതി നിയമം അനുസരിച്ചുള്ള പ്രവാസികൾ (നോൺ റെസിഡന്റ്)
3. ഇന്ത്യൻ പൗരന്മാരല്ലാത്തവർ
സാധുവായ പാനും ആധാറും ഉള്ള ഓരോ ഉപയോക്താവും അവരുടെ ആധാറിനെ പാനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
പാൻ പ്രവർത്തനരഹിതമായാൽ 1000 രൂപ ഫീസ് അടച്ച് നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചാൽ പാൻ സാധുവാകും.
ആധാറിലും പാനിലും പേര്/ ജനന തീയതി/ ലിംഗം എന്നിവയിൽ പൊരുത്തക്കേട് ഉള്ളതിനാൽ ആധാർ പാൻ-മായി ലിങ്ക് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ പാൻ അല്ലെങ്കിൽ ആധാർ ഇവയിൽ ഏതിലെയാണോ വിശദാംശങ്ങൾ തെറ്റ് എന്നു മനസ്സിലാക്കി അത് ആദ്യം ശരിയാക്കുക. അതിനു ശേഷം ഇവ തമ്മിൽ ബന്ധിപ്പിക്കുക
പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ നികുതി റീഫണ്ട് ലഭിക്കില്ല, റീഫണ്ടിന് പാൻ പ്രവർത്തനരഹിതമായി തുടരുന്ന കാലയളവിൽ പലിശ ലഭിക്കില്ല, പരമാവധി നിരക്കിൽ സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്) അഥവാ സ്രോതസ്സിൽ നികുതി ശേഖരിക്കും (ടിസിഎസ്) തുടങ്ങിയ കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
പാൻ അസാധുവായാലുള്ള അനന്തരഫലങ്ങൾ ഇവയൊക്കെയാണ്.
സാമ്പത്തിക ഇടപാടുകൾക്കോ ഔദ്യോഗിക ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാനാവില്ല, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനാവില്ല, ∙ ആദായനികുതി നിയമത്തിലെ കിഴിവുകളും ഇളവുകളും നഷ്ടപ്പെടും. ഇത് ഉയർന്ന നികുതി ബാധ്യത വരുത്താം, ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനു ബുദ്ധിമുട്ടു നേരിടാം, വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടുന്നതിനു ബുദ്ധിമുട്ടു നേരിടാം, പാൻ നിർബന്ധമാക്കിയ നിർദിഷ്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ ആദായനികുതി വകുപ്പിന്റെ https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar എന്ന പോർട്ടൽ എടുക്കുക അവിടെ നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ നൽകുക ശേഷം വാലിഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് കാണിക്കും.
അല്ലെങ്കിൽ 1,000 രൂപ അടച്ച് നിങ്ങളുടെ പാൻ, ആധാർ നമ്പർ നൽകി വിവരങ്ങൾ സാധൂകരിക്കുക.