ദോഹ : വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളുടെയും നയതന്ത്രജ്ഞരുടെയും സാന്നിധ്യത്തിൽ മിന (മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക) മേഖലയിലെ ആദ്യ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ ദോഹ അൽബിദ പാർക്കിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു. ലായിരുന്നു ഉദ്ഘാടനം.
‘ഹരിതമരുഭൂമി, മികച്ച പരിസ്ഥിതി’ എന്നതാണ് എക്സ്‌പോയുടെ പ്രമേയം. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉസ്‌ബെക്കിസ്താൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ്, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിആ അൽ സുഡാനി തുടങ്ങി ഒട്ടേറെ ഭരണാധികാരികൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങൾ എക്സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. 30 ലക്ഷം പേരെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി സുസ്ഥിരത, നൂതന ഹോർട്ടികൾച്ചറൽ രീതികൾ, അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് എക്സ്‌പോ സംഘടിപ്പിക്കുന്നത്. അടുത്തവർഷം മാർച്ച് 28 വരെ നീണ്ടുനിൽക്കും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. ഫിഫ ലോകകപ്പിനുശേഷം ഖത്തറിനെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്ന ആഗോളസമ്മേളനമായിരിക്കും എക്സ്‌പോ എന്നാണ് വിലയിരുത്തൽ.