അബുദാബി: അബുദാബിയിൽ നടക്കുന്ന ആഗോള വാര്‍ഷിക നിക്ഷേപക സംഗമത്തിന്റെ രണ്ടാം ദിവസം പ്രകൃതിസൗഹൃദവും ജനോപകാരപ്രദവുമായ പദ്ധതികളിലേക്ക് കേരളം നിക്ഷേപകരെ സ്വാഗതംചെയ്തു. നിക്ഷേപ സംഗമത്തിൽ സംഘടിപ്പിച്ച സെഷനുകളില്‍ ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിലെ വിപുലമായ സാധ്യതകള്‍ നിക്ഷേപകര്‍ക്ക് വ്യക്തമാക്കി നല്കുന്ന അവതരണമാണ് കേരളം നടത്തിയത്. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഇന്‍ഡസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല, ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരാണ് കേരള സെഷനില്‍ വികസന കാഴ്ചപ്പാടുകളും സാധ്യതകളും അവതരിപ്പിച്ചത്.
പ്രകൃതിക്ക് കോട്ടം തട്ടാത്ത നിലയിലുള്ള പദ്ധതികളിൽ നിക്ഷേപം നടത്തുക എന്നതാണ് കേരളം മുന്നോട്ടുവെക്കുന്ന നിലപാട്. കണ്വെന്ഷന് സെന്റേഴ്സ്, വാട്ടര്‍ ട്രാന്സ്പോര്ട്ടേഷന്, കാരവന് ഫുഡ് ട്രക്സ് തുടങ്ങിയവയില്‍ നിക്ഷേപങ്ങള്‍ നടത്തിയാലുള്ള നിക്ഷേപകരുടെ നേട്ടങ്ങളും സെഷന് ചര്‍ച്ച ചെയ്തു. പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് കേരളം ഒരുക്കുന്ന സൗകര്യങ്ങള്‍, കേരളത്തിന്റെ ഐ.ടി മേഖലയിലുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് കയറാനുള്ള അവസരം, പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള ടൂറിസം പദ്ധതികള്‍ തുടങ്ങിയവയായിരുന്നു പ്രധാന ചര്‍ച്ചകള്‍.
ഐ.ടി മേഖലയില്‍ കേരള യൂനിവേഴ്സിറ്റിയുടെ കീഴിൽ ഡിജിറ്റല്‍ എജുക്കേഷനും ഷാര്‍ജ സര്‍ക്കാറിന് കീഴിലുള്ള ഷാര്‍ജ റിസര്‍ച് ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ പാര്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിനും യു.എ.ഇക്കും ലഭിക്കുന്ന ഗുണങ്ങളും സെഷനിൽ ചര്‍ച്ചയായി. സ്റ്റാര്‍ട്ടപ്, ബഹിരാകാശം, ഡിജിറ്റല്‍ എജുക്കേഷന്‍, പുനരുപയോഗ ഊര്‍ജം, ഉപകരണങ്ങള്‍, ലോജിസ്റ്റിക്, കോഴ്സുകള്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപസാധ്യതകളാണ് ഐ.ടി മേഖല മുന്നോട്ടുവെക്കുന്നത്.
ഇന്‍വെസ്റ്റ്മെന്റ് ട്രാക്ക്, ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജി ട്രാക്ക്, റീജനല്‍ ഫോക്കസ് ഫോറം തുടങ്ങിയ സെഷനുകളിലായി നടക്കുന്ന 170 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് (ബുധനാഴ്ച) സമാപിക്കും. കേരള പവിലിയനില്‍ കേരള സ്റ്റാര്‍ട്ട് മിഷന്റെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി സംരംഭകരോട് ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം തന്റെ വികസന കാഴ്ചപ്പാടുകളും കേരള സെഷനില്‍ പങ്കുവെച്ചു.